Jump to content

User:ജോർജ്ജ് മുട്ടത്തിൽ

From Wikipedia, the free encyclopedia

" ദി സീക്രട്ട് ഡോക്ട്റിൻ " സമൂഹത്തെ മാറ്റിമറിച്ച പുസ്തകം

ഒരു എഴുത്തുകാരനോ ഒരു പുസ്തകത്തിനോ സമൂഹത്തെ മാറ്റിമറിക്കാനാകുമോ ? ചുരുങ്ങിയത് ഒരു വ്യക്തിയെയെങ്കിലും മാറ്റാനാകുമോ ? സംശയിക്കേണ്ട - ഉണ്ടെന്നതിന് സാക്ഷ്യമാണ് , തിയോസഫിക്കൽ സൊസൈറ്റി 1888 - ൽ പ്രസിദ്ധീകരിച്ച മാഡം എച്ച്.പി. ബ്ലവാട്സ്കിയുടെ ' ദി സീക്രട്ട് ഡോക്ടറിൻ ' എന്ന ഗ്രന്ഥം . മതം, തത്ത്വചിന്ത , ശാസ്ത്രം എന്നിവയുടെ സമന്വയമാണ് അവരുടെ ഉൽകൃഷ്ട രചന. ആൽബർട്ട് ഐൻസ്റ്റീൻ മേശപ്പുറത്തുവെച്ചിരുന്ന പുസ്തകമാണെന്ന് പറയുമ്പോൾ നമുക്കിതിന്റെ മൂല്യം ബോധ്യമാകും. നിരീശ്വരവാദിയായിരുന്ന ആനിബസന്റിനെപ്പോലും മാറ്റിക്കളഞ്ഞു ഈ പുസ്തകം . അവർ സൊസൈറ്റിയിൽ അംഗമാവുകയും പ്രചാരകയായതും ഇതോടെയാണ്. റഷ്യയിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട് . നാലപ്പാടിന്റെ ആർഷജ്ഞാനത്തിലും ഇതിൽനിന്നുള്ള ഉദ്ധരണികൾ ഉണ്ട് . ബ്ലവാട്സ്കിയുടെ ബ്രഹ്മവിദ്യയെ ആസ്പദമാക്കിയുള്ള ' ദി കീ ടു തിയോസഫി ' യെന്ന പുസ്തകമാണ് മഹാത്മജിയെ ഹൈന്ദവസംസ്കാരങ്ങളിലേക്കും ഹിന്ദുമതഗ്രന്ഥങ്ങളിലേക്കും നയിച്ചത് . അന്ധവിശ്വാസജഢിലമാണ് ഹിന്ദുമതമെന്ന മിഷണറിമാരുടെ ധാരണ മാറ്റിയെടുക്കാൻ ഈ ഗ്രന്ഥം സഹായിച്ചുവെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഭാരതീയനവോത്ഥാന കാലഘട്ടത്തിൽ സാഹിത്യത്തിനും സാഹോദര്യത്തിനുമായി രൂപം കൊണ്ട തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിദ്ധീകരണശാലയാണ് അഡയാറിലെ തിയോസഫിക്കൽ പബ്ലീഷിംഗ് ഹൗസ് . മാഡം ബ്ലവാട്സ്കിയുടെയും കേണൽ ഓൾക്കോട്ടിന്റേയും ശ്രമഫലമായി രൂപംകൊണ്ട സൊസൈറ്റിയുടെ ഏറ്റവും വലിയ സംഭാവനയാണ് ഇത് . മതം, തത്ത്വചിന്ത , ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പ്രസിദ്ധീകരിക്കുന്നത് . അമൂല്യമായ അനേകം പുസ്തകങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട് . ജെ. കൃഷ്ണമൂർത്തിയുടെ ദാർശനിക ഗ്രന്ഥമാണ് ' അറ്റ് ദ ഫീറ്റ് ഓഫ് ദി മാസ്റ്റർ ' . അനേകം ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള ഈ കൃതി ബാലാമണിയമ്മ ' ഗുരുചരണങ്ങളിൽ ' എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ട്.

1895-ൽ ആനിബസന്റ് പരിഭാഷപ്പെടുത്തി പുറത്തിറക്കിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് പതിപ്പ് അന്വേഷിച്ചുമാത്രം നിരവധി പുസ്തകപ്രേമികളെത്തുന്നുണ്ട് . ഏഴു മഹത്തായ മതങ്ങൾ , ഉപനിഷദ്ജ്ഞാനം , ഇസ്ലാമിന്റെ സൗന്ദര്യം , ക്രിസ്ത്യാനിറ്റി എന്നീ പുസ്തകങ്ങളും അവരുടെ ആർഷഭാരതജ്ഞാനം വെളിപ്പെടുത്തുന്നവയാണ് . കൂടാതെ നാലപ്പാടനും കുമാരനാശാനും വിവർത്തനം ചെയ്ത സർ എഡ്വിൻ അർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ , ഗായത്രി , വിവേകചൂഢാമണി , സൗന്ദര്യലഹരി , പതഞ്ജലിയുടെ യോഗസൂത്രങ്ങൾ എന്നിവയും തിയോസഫിക്കൽ പബ്ലീഷിംഗ് ഹൗസിന്റെ പ്രസിദ്ധീകരണങ്ങളിൽ പെടുന്നു . 1879-ൽ മാഡം ബ്ലവാട്സ്കിയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച ദി തിയോസഫിസ്റ്റ് എന്ന അന്താരാഷ്ട്ര മാസികയും പ്രസാധനം ചെയ്യുന്നു .